Thursday, February 25, 2010

Christian Prayers in Malayalam

Christian Prayers in Malayalam blog has a collection of

  1. Christian Prayers
  2. Christian Songs in Malayalam
  3. Way of Cross in Malayalam
  4. Christian Malayalam prayers for all occassions like - Prayer for safe journey,Prayer for peace,Prayer for students,housewarming,prayers for the sick,& other traditional prayers .

Pls leave a comment

Tuesday, February 9, 2010

കുരിശിന്‍റെ വഴി Way of Cross

കുരിശിന്‍റെ വഴി Way of Cross in malayalam

പ്രാരംഭഗാനം

(കുരിശു ചുമന്നവനെ...)

കുരിശില്‍ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ;
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിന്ചെല്ലാന്‍
കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ,ലോകനാഥാ.

പ്രാരംഭ പ്രാര്‍ത്ഥന

നിത്യനായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമാനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു.സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്റെ ഭവനം
മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ റ്റം മഹത്തായ പ്രകടനമായിരുന്നു.കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍കൂടി ;വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍കൂടി സഞ്ചിരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദേവമാതാവേ,

ക്രുശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതപ്പിച്ച് ഉറപ്പിക്കണമേ

( ഒന്നാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

മരണത്തിനായ് വിധിച്ചു കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ

അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍;
കൈവല്യദാതാ,നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.

ഈശോമിശിഹായേ,ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ രക്ഷിച്ചു.

മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു....ഈശോ പീലാത്തോസിന്റെ
മുമ്പില്‍ നില്‍ക്കുന്നു....അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം ...രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍
തലയില്‍ മുള്‍മുടി...ഉറക്കമൊഴിഞ്ഞ കണ്ണുകള്‍...ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകള്‍

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു...കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു...എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആല്‍മാവിനാതങ്കമേറ്റി ?

രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ....

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു.ഈശോയുടെ ചുറ്റും നോക്കുക.
സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു ...മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും
ഇപ്പോള്‍ എവിടെ?...ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല...

എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ
പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരുശു
ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. ൧. സ്വര്‍ഗ്ഗ. ൧.നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍:
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .

മൂന്നാം സ്ഥലം

ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായേ,.....

കല്ലുകള്‍ നിറഞ്ഞ വഴി....ഭാരമുള്ള കുരിശ്....ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകള്‍...അവിടുന്നു മുഖം
കുത്തി നിലത്തു വീഴുന്നു....മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു...പട്ടാളക്കാര്‍ അടിക്കുന്നു.ജനകൂട്ടം ആര്‍പ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല.....

'ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു.ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല.ഓടിയൊളിക്കുവാന്‍ ഇടമില്ല.എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.'

അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു.നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.

കര്‍ത്താവേ,ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു.മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും,എന്‍റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.കര്‍ത്താവേ എനിക്കു വീഴച്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പി ക്കണമേ.കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ,....

പരിശുദ്ധ ദേവമാതാവേ....

(നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി .
ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയില്‍ വെച്ചു തന്‍റെ മാതാവിനെ കാണുന്നു.

ഈശോമിശിഹായേ....

കുരുശുയാത്ര മുന്നോട്ടു നീങ്ങുന്നു.ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച ...അവിടുത്തെ മാതാവു
ഓടിയെത്തുന്നു...അവര്‍ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍....അമ്മയും മകനും സംസാരിക്കുന്നില്ല....മകന്‍റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു....അമ്മയുടെ വേദന മകന്‍റെ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു..

നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്‍റെ ഓര്‍മ്മയില്‍ വന്നു.'നിന്‍റെ
ഹൃദയത്തില്‍ ഒരു വാള്‍ കടക്കും'എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.

'കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു'ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു
നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു.

ദു:ഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ,സഹനത്തിന്‍റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്‍റെ
മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്‍റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

പരിശുദ്ധ ദേവമാതാവേ....

(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ,നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം,നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.

അഞ്ചാം സ്ഥലം

ശിമയോന്‍ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായേ....

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു...ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല...അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു....അപ്പോള്‍ ശിമയോന്‍
എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു.കെവുറീന്‍കാരനായ ആ മനുഷ്യന്‍
അലക്സാണ്ടറിന്റെയും റോപ്പോസിന്റെയുംപിതാവായിരുന്നു...അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു-അവര്‍ക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശില്‍
തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ,ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാല്‍ 'എന്‍റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.'അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,
അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വാടിത്തളര്‍ന്നു മുഖം -നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി :
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി,ദു:ഖത്തില്‍ മുങ്ങി.

ആറാം സ്ഥലം

വേറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു.

ഈശോമിശിഹായേ......

ഭക്തയായ വേറോനിക്ക മിശിഹായെ കാണുന്നു...അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു....അവള്‍ക്ക്
അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ...സ്നേഹം പ്രതിബന്ധം അറിയുന്നില്ല....'പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും' 'അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല.'അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ തൂവാലയെടുത്തു
....രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു....

എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി.ആരെയും കണ്ടില്ല.എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ
ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു.സ്നേഹം നിറഞ്ഞ കര്‍ത്താവേ,വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ.....

(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ:
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു ;കനിയേണമെന്നില്‍.

ഏഴാം സ്ഥലം

ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു.

ഈ ശോമിശിഹായേ.....

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു....മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു...ശരീരമാകെ വേദനിക്കുന്നു.'ഞാന്‍ പൂഴിയില്‍ വീണുപോയി :എന്‍റെ ആല്‍മാവു ദു:ഖിച്ചു തളര്‍ന്നു' ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു....അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല....'എന്‍റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ട്തല്ലയോ?പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു.അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല.ജീവിതത്തിന്‍റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി
ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ....

(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു?നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ,ഞങ്ങളെ
മൂടുവിന്‍ വേഗ മെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.

ഈശോമിശിഹായേ....

ഓര്‍ശ്ലത്തിന്‍റെ തെരുവുകള്‍ ശബ്ദായമാനമായി ...പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു.അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു.അവിടത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി....ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു.സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും ....അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു...
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു.അവിടുന്ന് അവരോടു പറയുന്നു.'നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍.'

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും ....അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു
മരിക്കും...ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു.അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ,ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദു:ഖിക്കുന്നു.അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി
വളരുന്നു ദു:ഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്‍റെയുള്ളം .

ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു.

ഈശോമിശിഹായേ ...

മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല.രക്തമെല്ലാം തീരാറായി....തല കറങ്ങുന്നു....ശരീരം
വിറയ്ക്കുന്നു...അവിടുന്ന് അതാ നിലംപതിക്കുന്നു....സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല....ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു....

ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല.....അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു....

'നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍'എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ
നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.

ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ,അങ്ങേ പീഡകളുടെ മുമ്പില്‍ എന്‍റെ വേദനകള്‍ എത്ര
നിസ്സാരമാകുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു.ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു.ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.എന്തെന്നാല്‍ എന്‍റെ ജീവിതം ഇനി എത്ര
നീളുമെന്ന് എനിക്കറിഞ്ഞുകൂടാ 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ'

1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ....

(പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്‍റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍ !
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം
പാപികള്‍ വൈരികള്‍.
നാഥാ,വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പത്താം സ്ഥലം

ദിവ്യ രക്ഷകന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.

ഈ ശോമിശിഹായേ.....

ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു:എന്നാല്‍
അവിടുന്ന്‌ അത് സ്വീകരിച്ചില്ല.അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു.മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.

'എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു' എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി

രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി
ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന -
യുരുകുന്നു ചേതന ;
നിലയറ്റ നീര്‍ക്കയം
"മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍:
ഭയമെന്നെയൊന്നായ് വിഴുങ്ങി."

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ........

ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു.....ആണിപ്പഴുതുകളി ലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു.....

ഉഗ്രമായ വേദന....മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍....എങ്കിലും അവിടുത്തെ
അധരങ്ങളില്‍ പരാതിയില്ല.....കണ്ണുകളില്‍ നൈരാശ്യമില്ല.....പിതാവിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു
പ്രാര്‍ത്ഥിക്കുന്നു.

ലോക രക്ഷകനായ കര്‍ത്താവേ,സ്നേഹത്തിന്‍റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു.അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു.യജമാനനേക്കാള്‍ വലിയ
ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു.അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും,ലോകത്തിനു മരിച്ച്,അങ്ങേയ്ക്കുവേണ്ടി
മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1..നന്മ.

കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ.....

(പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പന്ത്രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു.

ഈശോമിശിഹായേ....

രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു...കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു....നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....മാതാവും മറ്റു സ്ത്രീകളും
കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു.'ഇതാ നിന്‍റെ മകന്‍' എന്ന് അമ്മയോടും,ഇതാ നിന്‍റെ അമ്മ എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു.മൂന്നുമണി സമയമായിരുന്നു.'എന്‍റെ പിതാവേ,അങ്ങേ കൈകളില്‍
എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,എന്നരുളിച്ചെയ്ത അവിടുന്ന് മരിച്ചു.പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു,ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു.ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി;പാറകള്‍ പിളര്‍ന്നു.പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.

ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു,എന്ന് വിളിച്ചുപറഞ്ഞു.കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

'എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു.'
കര്‍ത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു.അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി.
എന്‍റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും.ഞാനും ഒരു ദിവസം മരിക്കും.അന്ന് അങ്ങയെപ്പോലെ ഇപ്രകാരം
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ.എന്‍റെ പിതാവേ,ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി;എന്നെ
ല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി.ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

1. സ്വര്‍ഗ്ഗ.1.നന്മ.

കര്‍ത്താവേ....
പരിശുദ്ധ മാതാവേ....

(പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

അരുമസുതന്റെമേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദു:ഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദു:ഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തുന്നു.

ഈശോമിശിഹായേ ....

അന്ന് വെള്ളിയാഴ്ചയായിരുന്നു.പിറ്റേന്ന് ശാബതമാകും.അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍
പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു.എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു.തന്മൂലം കുരിശില്‍
തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു.ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല.എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി.ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.അനന്തരം മിശിഹായുടെ മൃതദേഹം
കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്‍റെ മടിയില്‍ കിടത്തി.

ഏറ്റ വ്യാകുലയായ മാതാവേ,അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു.അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദു:ഖത്തിന്‍റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍)

നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്‍റെ
ഉറവയാണക്കുടീരം
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും:
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു.
ഈശോമിശിഹായെ.....

അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു.നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു.യൂദന്മാരുടെ
ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു.ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും
കല്ലറ അടുത്തായിരുന്നതുകൊണ്ടും,അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.

'അങ്ങ് എന്‍റെ ആല്‍മാവിനെ പാതാളത്തില്‍ തള്ളുകയില്ല;അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല.'

അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ,അങ്ങയോടുകൂടി മരിക്കുന്നവര്‍
അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു.മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാല്ലോ.രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു
മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....
പരിശുദ്ധദേവമാതാവേ....

സമാപന ഗാനം

ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി :
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം:
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.

സമാപന പ്രാര്‍ത്ഥന

നീതിമാനായ പിതാവേ,അങ്ങയെ രന്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു.എന്നാല്‍ അങ്ങേ കാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ.ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൌനിക്കേണമേ.

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു.അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.

തന്‍റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന്
ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ.ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം

ക്ഷമാശീലനാമെന്നേശുവേ - ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാട്ടുകള്‍ Popular Christian Songs in Malayalam

Popular Christian Songs in Malayalam


ക്ഷമാശീലനാമെന്നേശുവേ
ശാന്തശീലനാമെന്നേശുവേ
കഠിനമാമെന്‍ ഹൃദയം തവഹൃദയം
പോലെയാക്കണേ (ക്ഷമ....)

ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍
കുരിശില്‍ പിടയും നേരവുമങ്ങേ
അധരം അരുളും വചസ്സുരുവിടുവാന്‍ (ക്ഷമ....)

ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവന്‍
ആഴത്തില്‍ മുറിവേല്പിച്ചകന്നിടുമ്പോള്‍
കരുണാ സ്പര്‍ശം നീയേകിടണേ
സൗഖ്യം തരണേ അലിവൊഴുകിടുവാന്‍ (ക്ഷമ....)

Monday, February 8, 2010

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാട്ടുകള്‍

നന്മനേരും അമ്മ വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അമ്മയായ മേരി മേരി ലോകമാതാ (നന്മനേരും...)

മാതാവേ മാതാവേ മന്നില്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
ആശാപൂരം നീയേ ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരിലോകമാതാ (നന്മനേരും)

പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്പൂ
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ (നന്മനേരും)
ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗിയദാനം
മന്നില്‍ സമാധാനമാര്‍ഗ്ഗം

ഴേഴെഴുപതെന്നാലും
തേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നു ചേരാം നമു-
ക്കീശന്റെ മനസ്സോടു ചേരാം
ഈശന്റെ മനസോടു ചേരാം

ശാപം ചൊരിഞ്ഞിടുവോരില്‍
സ്നേഹം തിരിച്ചൊഴുക്കേണം
ദൈവം പൊറുക്കുന്നപോലെ നമു-
ക്കപരന്റെ പാപം ക്ഷമിക്കാം
അപരന്റെ പാപം ക്ഷമിക്കാം

ക്രൂശില്‍ നാഥനയ്ക്കും
യാഗം ഫലമണിഞ്ഞീടാന്‍
മാപ്പേകിയോതുന്ന വാക്യം നമു-
ക്കന്യോന്യമേറ്റേറ്റു ചൊല്ലാം
അന്യോന്യമേറ്റേറ്റു ചൊല്ലാം.
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല...)

തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനേ എന്നില്‍ നിന്നും
തരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല...)

രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരുമനമെന്നില്‍
ചിന്മയരൂപം തന്നിടുക (നിര്‍മ്മല...)
പാപബോധവും പശ്ചാത്താപവും
കര്‍ത്താവേ എനിക്കേകണേ
കണ്ണീരോടും വിലാപത്തോടുമെന്‍
പാപം ഞാനേറ്റു ചൊല്ലീടാം

നീതിമാന്യനായ് അന്യരെ താഴ്ത്തി
ദുര്‍വിധികള്‍ ഞാന്‍ ചെയ്യില്ല
പപകാരണം അന്യനാണെന്ന
ന്യായവാദവും ചെയ്യില്ല

ആല്‍മ വഞ്ചന ചെയ്തു ഞാനെന്‍റെ
പാപത്തെ പൂഴ്ത്തി വെയ്ക്കില്ല
പാപമേതുമേ എന്നിലില്ലെന്ന്
ചൊല്ലും വിഡ്ഢി ഞാനാകില്ല.
അനുഗ്രഹത്തിന്‍ അധിപതിയേ
അനന്തകൃപാപെരും നദിയേ
അനുദിനം നിന്‍ പദംഗതിയേ
അടിയനു നിന്‍ കൃപമതിയെ (അനുഗ്രഹത്തിന്‍....)

വന്‍ വിനകള്‍ വന്നീടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീ എന്നഭയം
വന്നീടുമോ പിന്നെ ഭയം (2) (അനുഗ്രഹത്തിന്‍...)

തിരുക്കരങ്ങള്‍ തരുന്നനല്ല
ശിക്ഷയില്‍ ഞാന്‍ പതറുകയില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ (അനുഗ്രഹത്തിന്‍ ...)
വിശ്വപ്രകാശമാണു ഞാന്‍
വിണ്ണിന്‍ പ്രകാശമാണു ഞാന്‍
മണ്ണിന്‍റെ മക്കളേ,പ്രാണന്‍ പകരുന്ന
വെള്ളിവെളിച്ചമാണ് ഞാന്‍

തിന്മതന്‍ കൂരിരുള്‍ തിങ്ങുന്ന ഭൂമിയില്‍
നന്മതന്‍ പൊല്‍ക്കതിര്‍ തേടുവോരെ (2)
ജീവന്‍ പൂവാടി നല്‍കിടാം നിങ്ങളെന്‍
കാലടിപ്പാടുകള്‍ പിന്തുടര്‍ന്നാല്‍ (2)

മൃത്യുവിന്‍ താഴ്വരതോറുമുഴലുന്ന
മര്‍ത്യരേ,നിങ്ങള്‍ ഉണര്‍ന്നെണീല്പിന്‍ (2)
സ്വര്‍ഗ്ഗരാജ്യത്തിന്റെ മക്കളെ സ്വാതന്ത്ര്യം
ഉള്‍ക്കനിവോടേകും രക്ഷകന്‍ ഞാന്‍ (2)
ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം (2)

ഈശോയിലെന്നും ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം (ഈശോ...)

സ്നേഹം ഭരിക്കും കുടുംബം
സ്നേഹദീപം ജ്വലിക്കും കുടുംബം (2)

സ്നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികള്‍ വാഴും കുടുംബം (2) (ഈശോ...)

സ്വാര്‍ത്ഥം ത്യജിക്കാനുമേറെ
ത്യാഗ ചൈതന്യമുള്‍ക്കൊണ്ടിടാനും (2)
എല്ലാവര്‍ക്കുമെല്ലാമായ് തീരാനും വ്യക്തികള്‍
സന്നദ്ധരാകും കുടുംബം (ഈശോ...)

പ്രവേശന ഗാനങ്ങള്‍

പ്രവേശന ഗാനങ്ങള്‍

കാല്‍വരി മലയുടെ ബലിപീത്തില്‍
തിരികള്‍ കൊളുത്തുന്നു
മാനവര്‍ ചുറ്റിലും ആദരപൂര്‍വ്വം
കൈകള്‍ കൂപ്പുന്നു (2)

1. ദൈവാല്‍മജനുടെ ദിവ്യവിരുന്നിന്‍
നിര്‍മ്മല നിമിഷമിതാ (2)
പുലരിപ്പൂവുകള്‍ പൂങ്കതിരണിയും
വിരഹ മുഹൂര്‍ത്തമിതാ (2) (കാല്‍വരി.....)

2. ഉന്നത വീഥിയിലീശനു കീര്‍ത്തനം
അരുളിയ മാനവരേ (2)
ഈ ബലിവേദിയില്‍ ആശാഗീതികള്‍
പാടി നിരന്നീടുവിന്‍ (2) (കാല്‍വരി....)

3. ഗാഗുല്‍ത്തായുടെ വിരികള്‍ തുറക്കൂ
മിഴിനീരൊഴുകട്ടെ (2)
പാപം താങ്ങി വലഞ്ഞവരെല്ലാം
പ്രശാന്തി നുകരട്ടെ (2) (കാല്‍വരി....)

4. ജീവന്‍ നല്‍കും ദിവ്യജലത്തിന്‍
ഉറവിടമാണിവിടം (2)
പാവനമായൊരു സ്നേഹവിരുന്നിന്‍
വേദികയാണിവിടം (2) (കാല്‍വരി...)

Thursday, February 4, 2010

മാസാദ്യവെള്ളിയാഴ്ചയിലെ പ്രതിഷ്ടാജപം

മാസാദ്യവെള്ളിയാഴ്ചയിലെ പ്രതിഷ്ടാജപം

ഈശോമിശിഹായുടെ തിരുഹൃദയമേ,ഇതാ ഞങ്ങള്‍ അങ്ങേതിരുമുമ്പില്‍ മുട്ടുകുത്തി ഞങ്ങള്‍ക്ക് അങ്ങ് ചെയ്ത സകല ഉപകാരങ്ങള്‍ക്കും അങ്ങേയ്ക്ക് ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.ഓ! ഈശോയെ,അങ്ങ് ഞങ്ങളെ അറിയിച്ചവിധത്തില്‍ അങ്ങേ തിരുമനസ്സ് നിറവേറ്റുന്നതിനും ആരാധനയ്ക്കു പാത്രമായ അങ്ങേ തിരുഹൃദയത്തിന്റെ രാജ്യം ഞങ്ങളുടെ നാട്ടില്‍ വേഗം പരത്തുന്നതിനുംവേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. ഔസേപ്പിതാവിന്റെയും മദ്ധ്യസ്ഥത്താല്‍ ഞങ്ങളുടെ കുടുംബം (സമൂഹം)മുഴുവനും അങ്ങേയ്ക്ക് ചെയ്തിരിയ്ക്കുന്ന പ്രതിഷ്ഠയെ ഞങ്ങള്‍ ഇപ്പോള്‍ എത്രയും ഭക്തിതീക്ഷ്ണതയോടെ കൂടെ നവീകരിക്കുന്നു.ഞങ്ങളുടെ ഭവനം നസ്രത്തിലെ അങ്ങേ തിരുകുടുംബം പോലെ ബഹുമാനത്തിന്റെയും ജപധാന്യങ്ങളുടെയും സമാധാനത്തിന്റെയും വാസസ്ഥലമാകട്ടെ.അങ്ങ് ഞങ്ങളുടെ ജീവിതത്തിന്റെ ഉത്തമ മാതൃകയും സകല കാര്യങ്ങളിലും ഞങ്ങളുടെ ഉറപ്പുള്ള പരിപാലകനുമായിരിക്കണമേ. പരിശുദ്ധമായ സ്നേഹത്തിനു പാത്രമായ ഈശോയേ!ഞങ്ങളുടെ കുടുംബ ജീവിതത്തിലുണ്ടാകുന്ന സുഖദു:ഖങ്ങളൊക്കെയും അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ചവെയ്ക്കുന്നു.ഈ കുടുംബത്തിലുള്ളവരുടെമേലും മരിച്ചവരുടെമേലും അങ്ങേ വിലയേറിയ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകണമെന്ന് ഞങ്ങള്‍ ഹൃദയപൂര്‍വ്വം
അപേക്ഷിക്കുന്നു.ഞങ്ങളെ മുഴുവനായി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.ഈ കുടുംബത്തില്‍ (സമൂഹം)ആരെങ്കിലും അങ്ങേ പരിശുദ്ധ സ്നേഹം ഉപേക്ഷിക്കുവാനുള്ള നിര്‍ഭാഗ്യത്തില്‍ ഉള്‍പ്പെട്ടുവെങ്കില്‍
അയാളുടെ പാപത്തിനുവേണ്ടിയും ഞങ്ങള്‍ പരിഹാരം ചെയ്യുന്നു.അങ്ങേ തിരുഹൃദയത്തിന്റെ നാമത്തില്‍ ഞങ്ങളുടെ പരിഹാരം കൈകൊണ്ട് ലോകമൊക്കെയുള്ള എല്ലാ കുടുംബങ്ങളെയും ആശിര്‍വദിക്കണമെന്നും
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.അങ്ങേയ്ക്ക് സ്വന്തമായിരിയ്ക്കുന്ന കത്തോലിക്കാകുടുംബങ്ങളില്‍
മാത്രമല്ല ,അങ്ങേ സത്യസഭയില്‍ നിന്നും പിരിഞ്ഞുപോയിരിക്കുന്ന മതന്വേഷികളുടെയും അങ്ങേ അറിയാത്ത
ക്രൈസ്തവരുടേയും കുടുംബങ്ങളില്‍ അങ്ങേ ദിവ്യരാജ്യം സ്ഥാപിക്കണമെ.ശിശുക്കളുടെമേല്‍ അങ്ങു കടാക്ഷിക്കണമേ.വിദ്യാര്‍ത്ഥികളുടെ അഭ്യസന രംഗമായ വിദ്യാലയങ്ങളെയും ,ബാലികാബാലന്മാരുടെ ദൈവവിളിയെയും അങ്ങ് കാത്തുകൊള്ളണമേ. രോഗികള്‍ക്ക് ശക്തിയും വൃദ്ധന്മാര്‍ക്ക് സഹായവും വിധവകള്‍ക്ക്‌ ആശ്രയവും അനാഥര്‍ക്കു പിതാവും അവിടുന്നാകണമെ.ഓരോ കുടുംബങ്ങളിലുമുള്ള രോഗികളെയും മരണവേദന അനുഭവിക്കുന്നവരെയും അങ്ങ് സഹായിക്കണമേ.വിശേഷിച്ചു കൃപയുടെയും സ്നേഹത്തിന്റെയും സമുദ്രമായ ഈശോയെ!ഞങ്ങളുടെ മരണനേരത്ത് ഞങ്ങളെ സഹായിക്കണമെന്ന് അങ്ങയോടു
ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ആ സമയത്ത് അങ്ങേ ദിവ്യഹൃദയത്തോടും ഞങ്ങളെ ഒന്നിപ്പിക്കണമെ.അപ്പോള്‍ ഞങ്ങളുടെ ആശ്രയവും സങ്കേതവും ആശ്വാസവും അവിടുന്നാകണമെ.ഈശോയുടെ തിരുഹൃദയമെ!നന്മരണം
പ്രാപിച്ച് ഞങ്ങളെല്ലാവരും അങ്ങയോടുകൂടെ സ്വര്‍ഗ്ഗീയ ഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമെ. ആമ്മേന്‍.

തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
ലോകരക്ഷകസുതനായ ദൈവമേ
പരിശുദ്ധാല്‍മാവായ ദൈവമേ
ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ
നിത്യപിതാവില്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ
കന്യകാമാതാവിന്‍ തിരുവുധരത്തില്‍ പരിശുദ്ധാല്‍മാവിനാല്‍ രൂപികരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ
ദൈവവചനത്തിന്റെ കാതലായ ഈശോയുടെ തിരുഹൃദയമേ
ദൈവത്തിന്‍ പരിശുദ്ധാലയമായ ഈശോയുടെ തിരുഹൃദയമേ
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ
നീതിയുടെയും സ്നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ
നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ
സകല പുണ്യങ്ങളുടെയും ആഴമേറിയ നിധിയായ ഈശോയുടെ തിരുഹൃദയമേ
സകല പുകഴച്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയവുമായ
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും അടങ്ങിയിരിയ്ക്കുന്ന ഈശോയുടെ തിരുഹൃദയമേ
ദൈവമഹത്വത്തിന്റെ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ
നിത്യപിതാവിനു പ്രസാദാല്‍മകമായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണനിധിയായ ഈശോയുടെ തിരുഹൃദയമേ
നിത്യമഹത്വങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ
ക്ഷമയുള്ളതും അധികദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ
അങ്ങേ കൃപയാചിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ ഈശോയുടെ തിരുഹൃദയമേ
നിന്ദകളാല്‍ പീഡിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ
മരണത്തോളം കീഴ്വഴക്കമുള്ള ഈശോയുടെ തിരുഹൃദയമേ
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ
ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ
അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ
കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

ഉ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ

സ. ഞങ്ങളുടെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് തുല്യമാക്കി അരുളണമേ

പ്രാര്‍ത്ഥിക്ക,

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ,അങ്ങേ പ്രിയപുത്രന്റെ തിരുഹൃദയത്തോടും പാപികള്‍ക്കായി താന്‍ അങ്ങേയ്ക്ക് കാഴ്ചവെച്ച സ്തുതികളോടും പാപപരിഹാരങ്ങളെയും തൃക്കണ്‍ പാര്‍ത്ത് താഴ്മയോട് അങ്ങേ കൃപയെ യാചിക്കുന്ന ഞങ്ങള്‍ക്കു ദയാപരനായി മാപ്പു തന്ന് അരുളണമേ.ഈ
അപേക്ഷകളൊക്കെയും അങ്ങയോടും പരിശുദ്ധാല്‍മാവിനോടും കൂടെ എന്നെന്നും ദൈവമായി ജീവിച്ചു വാഴുന്ന
അങ്ങേ തിരുകുമാരന്‍ ഈശോമിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ക്കു തന്ന് അരുളണമേ. ആമ്മേന്‍

ആസന്നമരണര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ആസന്നമരണര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍.ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം"എന്ന് അരുളിചെയ്തുകൊണ്ട് ദു:ഖിതരെ തന്‍റെ പക്കലേയ്ക്ക് സ്നേഹപൂര്‍വ്വം സ്വീകരിച്ച കാരുണ്യവാനായ കര്‍ത്താവേ,രോഗാതുരനും മരണാസന്നനുമായിരിയ്ക്കുന്ന ...... എന്ന സഹോദരന്റെ/സഹോദരിയുടെ മേല്‍ കൃപയായിരിയ്ക്കണമേ.ജീവിതകാലത്ത് അങ്ങയുടെ നാമത്തില്‍ ചെയ്തിട്ടുള്ള എല്ലാ സല്‍പ്രവര്‍ത്തികളും പുണ്യപ്രവര്‍ത്തികളും പരിഗണിച്ച് മരണ നേരത്ത് ഇയാളെ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുള്ള സ്നേഹത്തെപ്രതി ഇയാള്‍ അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളെയും ബുദ്ധിമുട്ടുകളെയും ഓര്‍ത്ത് ഈ സഹോദരന്റെ/സഹോദരിയുടെമേല്‍ കരുണയായിരിയ്ക്കണമേ.അങ്ങയുടെ രക്ഷാകരമായ പീഡാനുഭവത്തെയും കുരിശുമരണത്തെയുംപ്രതി അറിഞ്ഞും അറിയാതെയും ഈ സഹോദരന്റെ /സഹോദരിയുടെ ജീവിതത്തില്‍ വന്നുപോയ പാപങ്ങളെല്ലാം പൊറുക്കുകയും കടങ്ങളെല്ലാം മോചിക്കുകയും ചെയ്യണമേ.കര്‍ത്താവേ,അങ്ങയുടെ തിരുസഭയുടെ അംഗമായ ഈ സഹോദരനെ/സഹോദരിയെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധികരിക്കുകയും അങ്ങയുടെ കുരിശിന്റെ ശക്തിയാല്‍ എല്ലാവിധ തിന്മകളുടെയും ശക്തികളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യണമേ.അങ്ങുന്നു തിരുമനസ്സാകുന്നുവെങ്കില്‍ ഈ സഹോദരന്/സഹോദരിക്ക് നല്ലൊരു മരണം പ്രദാനം ചെയ്യുകയും അതുവഴി സ്വര്‍ഗ്ഗരാജ്യത്തില്‍ അങ്ങയുടെ തിരുമുഖം ദര്‍ശിക്കുവാനും സ്വര്‍ഗ്ഗത്തിലെ സകല മാലാഖമാരോടും വിശുദ്ധരോടും ചേര്‍ന്ന് അങ്ങയെ നിരന്തരം പാടി സ്തുതിക്കുവാനും അനുഗ്രഹിക്കണമേ.ജീവന്റെയും മരണത്തിന്റെയും നാഥനും നിത്യം പിതാവും പുത്രനും
പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ.ആമ്മേന്‍.

വി.ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനപ്രാര്‍ത്ഥന St.Francis Assisi's prayer in malayalam

വി.ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനപ്രാര്‍ത്ഥന St.Francis Assisi's prayer in malayalam

കര്‍ത്താവേ,എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ.വിദ്വേഷമുള്ളിടത്ത് സ്നേഹവും,ദ്രോഹമുള്ളിടത്ത് ക്ഷമയും,സന്ദേഹമുള്ളിടത്ത് വിശ്വാസവും,നിരാശയുള്ളിടത്ത് പ്രത്യാശയും,അന്ധകാരമുള്ളിടത്ത് പ്രകാശവും,സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ,ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും,മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍
മനസ്സിലാക്കുന്നതിനും,സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്.ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്.മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേയ്ക്ക് ജനിക്കുന്നത്. ആമ്മേന്‍.

ഭക്ഷണത്തിനുശേഷമുള്ള പ്രാര്‍ത്ഥന

ഭക്ഷണത്തിനുശേഷമുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,അങ്ങു ഞങ്ങള്‍ക്കു നല്‍കിയ ഈ ഭക്ഷണത്തിനും,അങ്ങയുടെ നാമത്തില്‍ ഇന്നു ഞങ്ങള്‍
സ്വീകരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയില്‍ നിന്നു ഞങ്ങള്‍ സ്വീകരിച്ച
അനുഗ്രഹങ്ങള്‍ക്ക് പ്രതിനന്നായി മറ്റുള്ളവര്‍ക്കു നന്മ ചെയ്തുകൊണ്ട് ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ.ആമ്മേന്‍.

൧. നന്മ.

ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന

ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന

1. ത്രിത്വ. 1. സ്വര്‍ഗ്ഗ.

കര്‍ത്താവായ ദൈവമേ,ഞങ്ങളെയും അങ്ങയുടെ കാരുണ്യത്താല്‍ ഞങ്ങള്‍ ഭക്ഷിക്കുവാന്‍ പോകുന്ന ഈ ആഹാരസാധങ്ങളെയും ഇത് ഞങ്ങള്‍ക്കായി ഒരുക്കിയവരെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ നാമത്തില്‍ ആശിര്‍വ്വദിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

നന്മരണപ്രാര്‍ത്ഥന

നന്മരണപ്രാര്‍ത്ഥന

ലോകരക്ഷകനായ ഈശോയേ! എന്‍റെ മരണസമയം ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.എന്‍റെ അന്ത്യവേളയില്‍
അനുതാപാധിക്യത്താല്‍ തകര്‍ന്ന ഹൃദയവും മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ സഹിക്കുവാനുള്ള ശക്തിയും പ്രലോഭനങ്ങളില്‍ വിജയവും എനിക്ക് നല്‍കി അരുളണമേ.സുബോധത്തോടുകൂടെ കൂദാശകള്‍ സ്വീകരിച്ച് പിതാവേ! 'അവിടുത്തെ തൃക്കരങ്ങളില്‍ എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,' എന്നു പറഞ്ഞുകൊണ്ട് അന്ത്യശ്വാസം വിടുവാന്‍ എനിക്ക് ഇടയാക്കി അരുളണമേ.പൂങ്കാവനത്തില്‍ വെച്ചു മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ,ഇപ്പോള്‍ ആസന്ന മരണമായിരിക്കുന്നവരെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കേണമേ.

ഈശോമറിയം യൌസേപ്പേ! എന്‍റെ ആല്‍മാവിനു സദാ കൂട്ടായിരിക്കേണമേ.ആമ്മേന്‍.

വിദേശത്തു ജോലി ചെയ്യുന്ന ജീവിതപങ്കാളി,മക്കള്‍,സഹോദരങ്ങള്‍ ഇവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

വിദേശത്തു ജോലി ചെയ്യുന്ന ജീവിതപങ്കാളി,മക്കള്‍,സഹോദരങ്ങള്‍
ഇവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

പിതാവായ ദൈവമേ! വിദൂരത്ത് ജോലി ചെയ്യുന്ന (എന്‍റെ മകന്‍,മകള്‍,ഭര്‍ത്താവ്,ഭാര്യ,സഹോദരന്‍,സഹോദരി) വരെ ഓര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.അനേകായിരങ്ങള്‍ തൊഴില്‍രഹിതരായി വേദനിക്കുമ്പോള്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുഗ്രഹിച്ചതിന് ഓര്‍ത്തു നന്ദി പറയുന്നു.കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അനാരോഗ്യകരമായ സാഹചര്യങ്ങള്‍,പരിചയമില്ലാത്ത സ്ഥലങ്ങള്‍,അവജ്ഞയോടെ നോക്കിക്കാണുന്ന ദേശവാസികള്‍,വിശ്വാസപരമായ പരീക്ഷണങ്ങള്‍,സാമ്പത്തിക ഞെരുക്കങ്ങള്‍,പൈശാചിക പ്രലോഭനങ്ങള്‍,ശത്രുക്കളുടെ കുടിലതന്ത്രങ്ങള്‍ എന്നിവ അവരെ അലട്ടുന്നു.സര്‍വ്വോപരി സ്നേഹിക്കുന്നവരില്‍ നിന്നുള്ള വേര്‍പാട്,കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ച എന്നിവമൂലം അവര്‍ പല പാപസാഹചര്യങ്ങളിലും
വീണുപോകാനിടയുണ്ട്.കരുണ നിറഞ്ഞ ദൈവമേ,അവരെ കാത്തു പരിപാലിച്ചു.പരി. ആല്‍മാവിനാല്‍ അഭിഷേകം ചെയ്ത് അനുഗ്രഹിക്കണമേ.

യേശുവേ സ്തോത്രം-യേശുവേ നന്ദി.

Wednesday, February 3, 2010

കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ,കരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക്
നല്കണമേ.യേശുവേ സ്തോത്രം,യേശുവേ നന്ദി.

ബന്ധന പ്രാര്‍ത്ഥന

ബന്ധന പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവെ,അങ്ങു കുരിശില്‍ ചിന്തിയ രക്തത്താലും കുരിശില്‍ അങ്ങു നേടിയ മഹത്വത്താലും അങ്ങയോടു ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ
അന്ധകാരശക്തികളെയും എല്ലാ ദുഷ്ടപിശാചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്റെ
നാമത്തില്‍ ബന്ധിക്കുകയും ബഹിഷ്കരിക്കുകയും അവിടുത്തെ പാദപീത്തിങ്കല്‍ വെയ്ക്കുകയും ചെയ്യുന്നു.കര്‍ത്താവെ,അവിടുത്തെ നീതിയനുസരിച്ച് അവയോട് പെരുമാറുക.ഞങ്ങളേവരെയും അവിടുത്തെ
പരിശുദ്ധാല്‍മാവിനാല്‍ നിറയ്ക്കണമേ.

ആമ്മേന്‍.

രോഗികള്‍ക്കുള്ള സന്ദേശം

രോഗികള്‍ക്കുള്ള സന്ദേശം

നമ്മുടെ രോഗപീഡകളും രോഗകാലങ്ങളും വലിയ ദൈവാനുഗ്രഹത്തിന്റെ,- ദൈവാനുഭവത്തിന്റെ സമയങ്ങളായി മാറ്റാം എങ്ങനെ?

വിശ്വസിക്കുക,ശരണപ്പെടുക,നന്ദിയും സ്തുതിയും അര്‍പ്പിക്കുക.

(a) അനന്തനന്മയായ ദൈവം,ഈ രോഗം എനിക്ക് അനുവദിച്ചത് ഏതോ ഉപരി നന്മയ്ക്കുവേണ്ടിയാണ് എന്ന് വിശ്വസിക്കുക,ശരണപ്പെടുക.

(b) തിന്മയില്‍ നിന്നുപോലും നന്മ കൊണ്ടുവരാന്‍ കഴിവുള്ള,സ്നേഹിക്കുന്ന ദൈവത്തെ,പ്രത്യാശയില്‍ സ്തുതിക്കുക.(സ്തുതിപ്പു പ്രാര്‍ത്ഥനയ്ക്ക് സമയം മാറ്റി വെയ്ക്കുക.ദിവസത്തില്‍ 30,40 മിനിട്ട് വീതം ഒന്നോ രണ്ടോ പ്രാവശ്യം)അനന്തനന്മയും അനന്തസ്നേഹവുമായ ദൈവമേ,അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.

എന്‍റെ രോഗത്തെ പ്രതി,

ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.രോഗത്തിന്റെ വേദനകളെയും കഷ്ടതകളെയും പ്രതി,ദൈവമേ,അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.രോഗം മൂലം എനിക്കും കുടുംബത്തിലും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന കഷ്ടതകളെ പ്രതി,രോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ പ്രതി,രോഗകാലത്ത് എന്നെ
നിര്‍ബദ്ധപൂര്‍വ്വം ഹൃദയ എളിമയിലേയ്ക്ക് നയിക്കുന്നതോര്‍ത്ത്,ദൈവത്തെ കൂടാതെ ഒന്നും ചെയ്യാന്‍ എനിക്ക്
സാധിക്കുകയില്ല എന്ന വെളിപ്പെടുത്തല്‍ നല്കുന്നതോര്‍ത്ത്,ദൈവ വചനം വായിക്കുവാനും,കേള്‍ക്കുവാനും ഈ
രോഗകാലത്ത് എന്നെ ഒരുക്കുന്നതോര്‍ത്ത്,ദൈവതിരുവിഷ്ടം അന്വേഷിക്കുവാന്‍ എന്നെ നിര്‍ബന്ധമായി ഈ രോഗകാലത്ത് പഠിപ്പിക്കുന്നതോര്‍ത്ത്,എല്ലാറ്റിനുംവേണ്ടി ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.

രോഗകഷ്ടത,ദാരിദ്രപീഡ, തൊഴിലില്ലായ്മ,എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന അനുഭവം,നിന്ദനങ്ങള്‍ ഇവ എല്ലാറ്റിനും വേണ്ടി എന്‍റെ ദൈവമേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.വാഴ്ത്തിപുകഴ്ത്തുന്നു.

എന്നെ സ്നേഹിക്കുന്ന എന്‍റെ ദൈവമേ,ആകുലത,ഉല്‍ക്കണ്ട,നിരാശ,കുറ്റബോധം,കുറ്റംവിധി,പരാതിപ്പെടല്‍
ഈ വകചിന്തകള്‍ ഉപേക്ഷിച്ച് അങ്ങില്‍ ഞാന്‍ പൂര്‍ണ്ണമായി ശരണപ്പെടുന്നു.പ്രത്യാശിക്കുന്നു.സര്‍വ്വതിന്മകളില്‍
നിന്നും എന്നെ മോചിപ്പിക്കുവാന്‍ ശക്തനായ ദൈവപുത്രനായ യേശുക്രിസ്തുവേ അങ്ങേയ്ക്ക് എന്നെ പൂര്‍ണ്ണമായി
ഞാന്‍ സമര്‍പ്പിക്കുന്നു. ദു:ഖവെള്ളിയില്‍ നിന്ന് ഉയിര്‍പ്പുഞായര്‍ കൊണ്ടുവരാന്‍ ശക്തനായ അങ്ങേയ്ക്ക് പതിനായിരം സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നു.

രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

"ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം" എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഡിതരോടും അവശരോടും വേദനയനുഭവിക്കുന്നവരോടും അതിയായ സ്നേഹവും പരിഗണനയും പ്രകടിപ്പിച്ച ഈശോയേ,അങ്ങയെ ഞങ്ങള്‍ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.ആല്‍മിയവും ശാരീരികവുമായി വേദനയനുഭവിക്കുന്ന എല്ലാ രോഗികളേയും അങ്ങുന്ന് ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യണമേ.അന്ധര്‍ക്ക് കാഴ്ചയും ചെകിടര്‍ക്ക് കേള്‍വിയും രോഗികള്‍ക്ക് സൌഖ്യവും നല്‍കിയ കര്‍ത്താവേ,അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയില്‍ ആശ്രയമര്‍പ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെമേല്‍ അങ്ങുന്ന് കരുണയായിരിയ്ക്കണമേ.അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.യൌസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളോട് അങ്ങുന്ന് കരുണ കാണിക്കണമേ.എല്ലാ വേദനകളും ആകുലതകളും ആല്‍മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും
ദൈവതിരുമനസ്സിനുള്ള വിധേയത്വത്തോടുംകൂടി ശാന്തമായി സ്വീകരിക്കുവാന്‍വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു
നല്കണമേ.ഞങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങുന്ന് ധാരാളമായി അനുഗ്രഹിക്കണമേ.രോഗികളുടെ ആശ്രയമായ ഈശോയേ,അങ്ങയുടെ സൌഖ്യദായകമായ വലതുകരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കുകയും പൂര്‍ണ്ണസൌഖ്യം നല്‍കി ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ.ആമ്മേന്‍.

കുടുംബസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

കുടുംബസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

ശാന്തശീലനും ദയാനിധിയുമായ യേശുനാഥാ,സമാധാനമില്ലാത്ത വലയുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു.പരിശുദ്ധത്രിത്വത്തിന്റെ ഐക്യവും തിരുകുടുംബത്തിന്റെ സ്നേഹവും നല്‍കി ഞങ്ങളുടെ കുടുംബത്തെ ശാശ്വതമായ സമാധാനത്തിലും ഐക്യത്തിലും അങ്ങയുടെ സ്നേഹത്തിലും നയിക്കണമെന്നും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ക്ഷമയെന്ന പുണ്യം തന്ന് പരിശുദ്ധാല്‍മാവിനാല്‍ അനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.

Tuesday, February 2, 2010

പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

സര്‍വ്വശക്തനും പിതാവുമായ ദൈവമേ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.സ്വന്തം
രൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയും പാപം മൂലം അധപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാന്‍വേണ്ടി തന്‍റെ തിരുക്കുമാരനെ അയയ്ക്കുകയും ചെയ്ത സ്നേഹത്തെ ഓര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.അങ്ങയുടെ
പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോയിലൂടെ ഞങ്ങളെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുകയും
നിത്യജീവിതത്തിലേയ്ക്കാനയിക്കുകയും ചെയ്ത കര്‍ത്താവേ,.... എന്ന ദു:ശീലത്തിന്റെ/തിന്മയുടെ അടിമയായിരിയ്ക്കുന്ന (പേര് പറയുക)സഹോദരന്റെ /സഹോദരിയുടെമേല്‍ കരുണയായിരിയ്ക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ നശിക്കും എന്നരുളിചെയ്തുകൊണ്ട് പാപവും
പാപസാഹചര്യങ്ങളും വിട്ടകലുവാന്‍ ആഹ്വാനം ചെയ്ത കര്‍ത്താവേ,തിന്മയെയും അതിന്‍റെ സാഹചര്യങ്ങളെയും ഉപേക്ഷിക്കാന്‍ ആവശ്യമായ എല്ലാ കൃപകളുംകൊണ്ട് ഈ സഹോദരനെ/സഹോദരിയെ അനുഗ്രഹിക്കണമേ.അങ്ങയുടെ പ്രിയപുത്രന്‍ സഹിച്ച പാടുപീഡകളെയും കുരിശുമരണത്തെയും ഓര്‍ത്ത് തിന്മയുടെ എല്ലാ ബന്ധനങ്ങളിലും നിന്ന് ഈ സഹോദരനെ/സഹോദരിയെ മോചിക്കുകയും അങ്ങയുടെ തിരുക്കുമാരനായ ഈശോയേയും അവിടുത്തെ ആല്‍മാവിനെയും സ്വീകരിക്കുവാന്‍ തക്കവിധം ഇയാളുടെ ഹൃദയത്തെ തുറക്കുകയും ചെയ്യണമേ.പാപമോചനത്തിനായി അവിടുന്ന് കുരിശില്‍ ചിന്തിയ തിരുരക്തം തളിച്ച്
ഇയാളെ വിശുദ്ധികരിക്കുകയും എല്ലാവിധ പൈശാചിക ശക്തിയില്‍ നിന്നും,പാപസാഹചര്യങ്ങളില്‍ നിന്നും
അവിടുത്തെ വി.കുരിശിന്റെ ശക്തിയാല്‍ രക്ഷിക്കുകയും ചെയ്യണമേ.ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

ഞങ്ങളുടെ രക്ഷകനായ ഈശോയേ,അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.
അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിയ്ക്കുന്നു.കര്‍ത്താവേ,ഞാന്‍ ആരംഭിക്കുന്ന ഈ യാത്രയേയും അതില്‍ എല്ലാ കാര്യങ്ങളേയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു.ഈശോയേ,അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും.അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് (എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ.യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ
(എന്നെ) കാത്തുക്കൊള്ളണമേ.ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ,വിശുദ്ധ യൌസേപ്പിതാവേ,
ഞങ്ങള്‍ക്കു(എനിക്കു) വേണ്ടി അപേക്ഷിക്കണമേ.ഞങ്ങളെ എന്നെ കാക്കുന്ന കര്‍ത്താവിന്റെ മാലാഖമാരേ
(മാലാഖയേ),ഞങ്ങള്‍ക്ക് (എനിക്ക്)കൂട്ടായിരിയ്ക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ
സര്‍വ്വേശ്വരാ,ആമ്മേന്‍.

ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്നു ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും പ്രത്യേകിച്ച്,സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.ആ വിശ്വാസത്തില്‍ ദൃഡമായി നിലനില്‍ക്കുന്നതിനും,
വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്കണമേ.കര്‍ത്താവേ,ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ
അറിയാതെയും അറിയുന്നതിനുള്ള മാര്‍ഗ്ഗമില്ലാതെയും ജീവിക്കുന്നുണ്ടെന്ന് അങ്ങ് ഓര്‍ക്കണമേ.വിളവിലേയ്ക്ക്
വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്ന് അങ്ങ് ആവശ്യപ്പെട്ടുവല്ലോ.പരിശുദ്ധ
കന്യകാമറിയത്തിന്റെയും വിശുദ്ധ യൌസേപ്പിന്റെയും ഇന്ത്യയുടെ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും സാര്‍വ്വത്രിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥരായ ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യ,വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുടെയും മാദ്ധ്യസ്ഥ്യം വഴി അങ്ങയുടെ പ്രേഷിതരാകുന്നതിന് ഉത്തമരായ അനവധി യുവതിയുവാക്കളെ സന്നദ്ധരാക്കണമേ.ആല്‍മാക്കളുടെ രക്ഷയ്ക്കായി തീക്ഷണതയോടെ വേല ചെയ്യുന്നതിനുള്ള അനുഗ്രഹം അവര്‍ക്കു നല്കണമേ.ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ഇടവകയില്‍ നിന്നും പ്രേഷിത രംഗങ്ങളില്‍ വേല ചെയ്യുന്നതിന് തീക്ഷ്ണമതികളായ ധാരാളം പ്രേഷിതരെ വിളിക്കുകയും ചെയ്യണമേ.ആമ്മേന്‍ .

സന്യസ്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

സന്യസ്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയമണവാളനായ ഈശോ,അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ.കന്യാത്വം,അനുസരണം.ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ.അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ.ആല്‍മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ.അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.അങ്ങേയ്ക്കായി പ്രതിഷ്ടിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും അങ്ങേയ്ക്കായി മാത്രം സംരക്ഷിക്കുകയും ചെയ്യണമേ.ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവരെ സന്നദ്ധരാക്കണമേ.അവരുടെ സേവനങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.ഉന്നതമായ തങ്ങളുടെ ദൈവവിളിയില്‍ അവര്‍ മരണംവരെ നിലനില്‍ക്കുകയും ചെയ്യട്ടെ.ആമ്മേന്‍.

വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ.അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.

ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.

വൈദികരുടെ രാജ്ഞിയായ മറിയമേ,
വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.