Saturday, January 30, 2010

ജന്മദിന പ്രാര്‍ത്ഥന

ജന്മദിന പ്രാര്‍ത്ഥന

സ്നേഹസമ്പന്നനായ ഈശോയേ,എന്‍റെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു.കഴിഞ്ഞ വര്‍ഷം എനിക്ക് ലഭിച്ച എല്ലാ നന്മകളെയും എനിക്കു തന്ന എല്ലാ നല്ല അനുഭവങ്ങളെയും
ഓര്‍ത്തു നന്ദി പറയുന്നു.

കര്‍ത്താവേ,എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മ്മകളായും സംഭവിച്ച പരാജയങ്ങള്‍ എന്‍റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്‍റെ ദു:ഖങ്ങള്‍ അങ്ങിലേയ്ക്ക് അടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ.

ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്തു ദു:ഖിക്കുന്നു.

എന്‍റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ച് നെയ്തെടുക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.എങ്കിലും എന്‍റെ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ.

എനിക്കു ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്നേഹം നല്‍കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്‍ക്കുകയും അനുമോദിക്കുകയും എനിക്കായി
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനിക്കുകയും ചെയ്യണമേ. ആമ്മേന്‍.

ഗര്‍ഭിണികളുടെ പ്രാര്‍ത്ഥന

ഗര്‍ഭിണികളുടെ പ്രാര്‍ത്ഥന

പിതാവിന്റെയും + പുത്രന്റെയും പരിശുദ്ധാല്‍മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍.

മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും പുരുഷനു പിതൃത്വവും സ്ത്രീക്ക് മാതൃത്വവും നല്‍കുകയും ചെയ്ത ദൈവമേ,എന്നെ ഒരു മാതാവാക്കി ഉയര്‍ത്തിയതിന് അങ്ങയോടു ഞാന്‍ നന്ദി പറയുന്നു.അങ്ങയുടെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ അനുവദിച്ച അങ്ങു തന്നെ,എന്‍റെ ഉദരത്തില്‍ ഉദ്ഭൂതമായിരിയ്ക്കുന്ന ശിശുവിനെ ആരോഗ്യവും സൗന്ദര്യവും നല്‍കി അനുഗ്രഹിക്കണമേ.ആശയും ആശങ്കയും മാറിമാറി വരുകയും ഞാന്‍ ബലഹീനനായി ഭവിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന ഈ ഘട്ടത്തില്‍ അങ്ങയുടെ ദിവ്യസാന്നിദ്ധ്യത്താലും ചൈതന്യത്താലും എന്നെ ധൈര്യവതിയാക്കണമേ.മാതൃത്വംവഴി സ്ത്രീ അനുഗൃഹീതയാകണമെന്നാഗ്രഹിക്കുന്ന ദൈവമേ,മാതൃത്വത്തോട് അഭേദ്യമായി ബദ്ധപ്പെട്ടിരിയ്ക്കുന്ന ആശങ്കകളെയും ക്ലേശങ്ങളെയും സമചിത്തതയോട് നേരിടുവാന്‍ പ്രാപ്തയാക്കണമേ.വേദന സഹിച്ചുകൊണ്ടാണെങ്കിലും ഒരു കുഞ്ഞിന്‍റെ മുഖം കണ്ടു സന്തോഷിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ എന്നെ നയിക്കണമേ.പരിശുദ്ധ കന്യകാമറിയത്തെ അങ്ങയുടെ തിരുസുതന്റെ മാതാവാക്കി ഉയര്‍ത്തിക്കൊണ്ടു മാതൃത്വത്തെ മഹത്വപ്പെടുത്തിയ ദൈവമേ,എന്നെയും എന്‍റെ ശിശുവിനെയും അനുഗ്രഹിച്ച് ആശിര്‍വദിക്കണമേ.ആമ്മേന്‍.

ദൈവമാതാവായ കന്യകാമറിയമേ ,
എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

വിദ്യാര്‍ത്ഥിയുടെ പ്രാര്‍ത്ഥന

വിദ്യാര്‍ത്ഥിയുടെ പ്രാര്‍ത്ഥന

പരിശുദ്ധാല്‍മാവിനോട് ഒരു ഗാനം ആലപിക്കുക.
"പരിശുദ്ധാല്‍മാവേ എന്നില്‍ വന്നു നിറയണമേ" (3 പ്രാവശ്യം)
"പരിശുദ്ധാല്‍മാവേ എന്‍റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ" (3 പ്രാവശ്യം)
"പരിശുദ്ധാല്‍മാവേ എനിക്ക് വിജ്ഞാനം പകര്‍ന്നു തരണമേ." (3 പ്രാവശ്യം)

കര്‍ത്താവേ,അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ.അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ സത്യത്തിലേയ്ക്ക് എന്നെ നയിക്കേണമേ.എന്നെ പഠിപ്പിക്കേണമേ.എന്തെന്നാല്‍ അങ്ങാണല്ലോ എന്‍റെ
രക്ഷകനായ ദൈവം.എന്‍റെ ദൈവമേ അങ്ങയുടെ സന്നിധിയിലേയ്ക്ക്‌ ബുദ്ധിയും എന്‍റെ മനസ്സും എന്‍റെ കഴിവുകളും ഉയര്‍ത്തി സമര്‍പ്പിക്കുന്നു.അങ്ങയുടെ ആല്‍മാവിന്റെ ചൈതന്യത്താല്‍ എന്‍റെ ബുദ്ധിയെയും മനസ്സിനെയും ശുദ്ധികരിക്കണമേ.എന്‍റെ പഠനങ്ങള്‍ ശരിയായി പഠിക്കുവാനും പഠിക്കുന്നവ മനസ്സിലോര്‍ത്തിരിയ്ക്കുവാനും എന്നെ സഹായിക്കുന്നു.ബുദ്ധിക്ക് വെളിവും തെളിവും ഓര്‍മ്മശക്തിയും എനിക്ക് നല്കണമേ.തിന്മയായിട്ടുള്ളതും അങ്ങേയ്ക്ക് ഇഷ്ടമില്ലാത്തതും എന്‍റെ ബുദ്ധിയില്‍ പ്രവേശിക്കുവാന്‍ അനുവധിക്കരുതെ,യേശുവേ,എന്‍റെ പരീക്ഷയുടെ സമയത്ത് ഞാന്‍ പഠിച്ച കാര്യങ്ങള്‍ വ്യക്തമായി എഴുതുവാനും
പറയുവാനും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാകുവനും എന്നെ അനുഗ്രഹിക്കണമേ. ജീവിക്കുന്നവനായ യേശുവേ അങ്ങു തരുന്ന വിജ്ഞാനവും പഠനവും കഴിവുമെല്ലാം അങ്ങേയ്ക്കായിട്ടും അങ്ങയുടെ മഹത്വത്തിനായും വിനിയോഗിച്ചുകൊള്ളാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.യേശുവേ നന്ദി,യേശുവേ സ്തുതി.'

(ആവര്‍ത്തിക്കുക)

ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ഉറവിടം

Friday, January 29, 2010

കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന

(1സാമുവേല്‍ 1-11 സൈന്യങ്ങളുടെ കര്‍ത്താവേ,ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ
അനുസ്മരിക്കണമേ!അങ്ങയുടെ ദാസിയെ വിസ്മരിക്കരുത്‌!എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കും.)

പിതാവിന്റെയും + പുത്രന്റെയും പരിശുദ്ധാല്‍മാവിന്റെയും നാമത്തില്‍ ആമ്മേന്‍.

സ്നേഹപിതാവായ ദൈവമേ,ഞങ്ങളെ ദാമ്പത്യജിവിതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു.ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ,അങ്ങേയ്ക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ.പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നാഥനായ അങ്ങ്,ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശിര്‍വദിക്കണമേ.നിര്‍മ്മലകന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാംവിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ,അബ്രാഹത്തെയും സാറായെയും വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ,അങ്ങേയ്ക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കള്‍
ആകുവാനുള്ള അനുഗ്രഹം നല്കണമേ.ഒരു കുഞ്ഞിന്‍റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ.അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ. ആമ്മേന്‍.

ദമ്പതികളുടെ പ്രാര്‍ത്ഥന

ദമ്പതികളുടെ പ്രാര്‍ത്ഥന

സര്‍വ്വശക്തനും പിതാവുമായ ദൈവമേ,അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ സമാരംഭിച്ച ദാമ്പത്യജീവിതത്തെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.വിശ്വസ് തതയോടും വിശുദ്ധിയോടും കൂടെ പരസ്പരസ്നേഹത്തിലും ധാരണയിലും ജീവിക്കുവാന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ;ഞങ്ങളുടെ ആശകളും അഭിലാഷങ്ങളും,പ്രതീക്ഷകളും ഉല്‍കണ്ട്കളും വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്നേഹത്തോടെ പങ്കുവെയ്ക്കുവാന്‍ ഞങ്ങളെ
അങ്ങു ശക്തരാക്കണമേ.പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും ഞങ്ങളെ അങ്ങ് അനുവദിക്കരുത്.എല്ലാവിധ
തെറ്റിദ്ധാരണകളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും അങ്ങ് ഞങ്ങളെ കാത്തുക്കൊള്ളണമേ.ലോകത്തിലെ യാതൊരു ശക്തിക്കും വ്യക്‌തിക്കും ഞങ്ങളെ വേര്‍തിരിയ്ക്കാന്‍ കഴിയാതിരിയ്ക്കട്ടെ.ഞങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഏകമനസ്സോടെ അങ്ങയുടെ സന്നിധിയില്‍ അണയാനും പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്തുവാനും ഞങ്ങളെ നീ സഹായിക്കണമേ.സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനുംവേണ്ട ശക്തി ഞങ്ങള്‍ക്കു നല്‍കണമേ.അങ്ങുന്ന് ഞങ്ങളെ ഭരമേല്പിച്ചിരിയ്ക്കുന്ന എല്ലാ
ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റി,അങ്ങേയ്ക്ക് പ്രീതികരമായവിധം ജീവിക്കുവാന്‍ ഞങ്ങളെ
അങ്ങു സഹായിക്കണമേ.

കര്‍ത്താവേ,അങ്ങ് ഞങ്ങള്‍ക്കു ദാനമായി നല്‍കിയിരിയ്ക്കുന്ന മക്കളെ ഓര്‍ത്ത് (പേരുകള്‍ ഓര്‍ക്കുക.)ഞങ്ങള്‍
അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയുടെ അനന്തമായ സ്നേഹത്തിലും അങ്ങയിലുള്ള വിശ്വാസത്തിലും അങ്ങേയ്ക്ക് പ്രീതികരമായ ജീവിതത്തിലും വളര്‍ന്നുവരുവാന്‍ അവരെ അങ്ങ് സഹായിക്കുകയും തിന്മയുടെ എല്ലാവിധ ശക്തികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും അവരെ കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങനെ
ഞങള്‍ എല്ലാവരും ഒത്തൊരുമിച്ച് അങ്ങയുടെ സ്വര്‍ഗ്ഗിയഭവനത്തില്‍ എത്തിച്ചേരുവാന്‍ ഞങ്ങളെ അനുഗ്രഹികണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ,ആമ്മേന്‍.

ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന

ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന

പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ ദൈവമേ,മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച അങ്ങയെ
ഞാന്‍ സ്തുതിക്കുന്നു.അവരെ ദാമ്പത്യത്തിലേയ്ക്ക് നയിക്കുകയും മാതാപിതാക്കന്മാരാക്കി ഉയര്‍ത്തുകയും ചെയ്ത അങ്ങയുടെ അനന്ത പരിപാലനയെ ഞാന്‍ വാഴ്ത്തുന്നു.ദാമ്പത്യജീവിതത്തിനുള്ള അഭിലാഷവും പ്രേരണയും നല്‍കി എന്നെ അനുഗ്രഹിച്ച അങ്ങയോടു ഞാന്‍ നന്ദി പറയുന്നു.അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എന്‍റെ ഹൃദയാഭിലാഷങ്ങളും പ്രതീക്ഷകളും നന്മയും എന്നേക്കാള്‍ നന്നായി അറിയുന്ന കര്‍ത്താവേ,എനിക്ക് ഏറ്റം യോജിച്ച ഒരു ജീവിതപങ്കാളിയെ അങ്ങ് തന്നെ എനിക്കായി തിരഞ്ഞെടുക്കണമേ.എനിക്ക് അനുയോജ്യമായ വധുവിനെ/അനുയോജ്യനായ വരനെ കണ്ടെത്തുവാന്‍ വേണ്ടി എന്‍റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ.തോബിയാസിനെയും സാറായെയും അത്ഭുതകരമായി തിരഞ്ഞെടുത്ത്,അവരെ സൗഭാഗ്യകരമായ ദാമ്പത്യത്തിലേയ്ക്ക്‌ ഉയര്‍ത്തിയ കര്‍ത്താവേ,അനാദിമുതലേ എനിക്കായി അങ്ങു തെരഞ്ഞെടുത്തിട്ടുള്ള വധുവിനെ/വരനെ,എനിക്ക് കാണിച്ചു
തരണമേ.ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേന്‍.

കുട്ടികളുടെ പ്രാര്‍ത്ഥന

കുട്ടികളുടെ പ്രാര്‍ത്ഥന

സ്നേഹപിതവായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.അങ്ങുന്നു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും ഓര്‍ത്തു ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.കുട്ടികളെ
സ്നേഹിക്കുകയും അവരെ ആശിര്‍വദിക്കുകയും ചെയ്ത ഈശോയെ,അങ്ങയുടെ സന്നിധിയില്‍
അണഞ്ഞിരിയ്ക്കുന്ന കുഞ്ഞുമക്കളായ ഞങ്ങളെയും അങ്ങയുടെ വലുതുകരം നീട്ടി അനുഗ്രഹിക്കണമേ. ബാലനായ
ഈശോയുടെ മാതൃക പിന്ച്ചെന്നുകൊണ്ട് വിശുദ്ധിയിലും വിഞാനത്തിലും വളര്‍ന്നുവരാന്‍ ഞങ്ങളെ സഹായിക്കണമേ.ഞങ്ങള്‍ക്കു ജന്മം നല്‍കുകയും സ്നേഹത്തോടെ വളര്‍ത്തുകയും ചെയ്യുന്ന ഞങ്ങളുടെ മാതാപിതാക്കളെ ധാരാളമായി അനുഗ്രഹിക്കണമേ.അവരെ അനുസരിക്കുന്നവരായി വളരുവാനും അങ്ങേയ്ക്ക്
പ്രീതികരമായി ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ.നല്ല സ്നേഹിതരെയും ഗുരുഭുതരേയും നല്‍കി നന്മയില്‍ ഞങ്ങളെ വളര്‍ത്തണമേ.അങ്ങയുടെ പരിശുദ്ധാല്‍മാവിനെ അയച്ച് ഞങ്ങളുടെ ബുദ്ധിക്കു പ്രകാശവും മനസ്സിന് ശക്തിയും നല്‍കുകയും ഞങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായ കൃപാവരങ്ങള്‍
കൊണ്ട് ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ.അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാല്‍ എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്ന് ഞങ്ങളെ നീ കാത്തുകൊള്ളണമേ.ഈശോയെ,അങ്ങയുടെ മാലാഖമാര്‍
ഞങ്ങള്‍ക്കു എപ്പോഴും കൂട്ടായിരിയ്ക്കട്ടെ.അങ്ങനെ അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായി ജീവിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍
എത്തിച്ചേരുവാന്‍ അങ്ങുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ
സര്‍വ്വേശ്വരാ,ആമ്മേന്‍.

ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വി.യൌസേപ്പിതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ പേരിനു കാരണവാനായ പുണ്യവാനേ (പുണ്യവതിയെ)ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

Thursday, January 28, 2010

മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ടാജപം

മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ടാജപം

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോല്‍ഭവ ഹൃദയത്തിനു പ്രതിഷ്ടിക്കുന്നു.മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലോകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ടിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നുവരുന്നതിനും അനുഗ്രഹിക്കണമേ.

തിരുസ്സഭാംബികേ,തിരുസ്സഭയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങ് നയിക്കണമേ.മാനവവംശത്തിനു
വേണ്ടിയുള്ള ഈശോയുടെ സമര്‍പ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ ഞങ്ങളെ
സഹായിക്കണമേ.

അമലോല്‍ഭവ ഹൃദയമേ,മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും മാനവപുരോഗതിയെ തളര്‍ത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവു ഞങ്ങള്‍ക്ക് നല്കണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാര്‍പാപ്പാമാര്‍ അങ്ങേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോല്‍ഭവഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ
കാത്തുകൊള്ളണമേ. ആമ്മേന്‍.

മറിയത്തിന്റെ വിമലഹൃദയമേ ,ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കണമേ.

കുടുംബപ്രതിഷ്ഠ

കുടുംബപ്രതിഷ്ഠ

കുടുംബനായകന്‍:ഈശോയുടെ തിരുഹൃദയമേ,(സമൂഹവും കൂടി)ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും/ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.ഞങ്ങളുടെ ഈ കുടുംബത്തില്‍/ അങ്ങ് രാജാവായി വാഴണമേ.ഞങ്ങളുടെ പ്രവൃത്തികളെല്ലാം/ അങ്ങ് തന്നെ നിയന്തിക്കണമേ.ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം/ആശിര്‍
വദിക്കുകയും/ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധികരിക്കുകയും/സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ.ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍/ഞങ്ങളോടു ക്ഷമിക്കണമേ.ഈ കുടുംബത്തിലുള്ളവരെയും/ഇവിടെ നിന്ന് അകന്നിരിയ്ക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ.
(മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ.)അങ്ങയെ
കാണ്ടാനന്ദിക്കുവാന്‍ / സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആല്‍മിയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്/ ഞങ്ങളെ കാത്തുകൊള്ളണമേ.

മറിയത്തിന്റെ വിമലഹൃദയവും /മാര്‍ യൌസേപ്പിതാവും/ഞങ്ങളുടെ പ്രതിഷ്ഠയെ/അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും/ജീവിതകാലം മുഴുവനും /ഇതിന്റെ സജീവസ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ ! ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൌസേപ്പേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മര്‍ഗ്ഗരീത്താ മറിയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഉയിര്‍പ്പുകാല (പെസഹാക്കാല)

ത്രിസന്ധ്യാജപം

(ഉയിര്‍പ്പുഞായറാഴ്ച തുടങ്ങി പരിശുദ്ധത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

സ്വര്‍ല്ലോകരാജ്ഞി. ആനന്ദിച്ചാലും!ഹല്ലേലൂയ.

എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍! ഹല്ലേലുയ!

അരുളിചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലുയ.

ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ ! ഹല്ലേലുയ.

കന്യാമറിയമേ ആമോദിച്ചാനന്ദിച്ചാലും ഹല്ലേലുയ.

എന്തെന്നാല്‍ കര്‍ത്താവ്‌ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലുയ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ,അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഇശോമിഷിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.അവിടുത്തെ മാതാവായ
കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്കണമേ എന്ന്
അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.




Wednesday, January 27, 2010

വിശുദ്ധവാര ത്രിസന്ധ്യാജപം

വിശുദ്ധവാര ത്രിസന്ധ്യാജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി അതേ;അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങി.അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി;എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്ക് നല്കി. 1 സ്വര്‍ഗ്ഗ.

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ധകരുടെ കരങ്ങളില്‍ എല്പ്പിക്കപ്പെട്ടു കുരിശിലെ
പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ്‌ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സാധാരണ ത്രിസന്ധ്യാജപം

സാധാരണ ത്രിസന്ധ്യാജപം

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു.പരിശ്രുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ

ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനംപോലെ എന്നിലാവട്ടെ. 1 നന്മ

വചനം മാംസമായി ; നമ്മുടെ ഇടയില്‍ വസിച്ചു. 1 നന്മ

ഇശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഇശോമിശിഹായുടെ മനുഷ്യാവതാര
വാര്‍ത്ത‍ അറിഞ്ഞിരിയ്ക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഇശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3.ത്രിത്വ.

Friday, January 22, 2010

സായാഹ്ന പ്രാര്‍ത്ഥന Evening Christian Prayer

സായാഹ്ന പ്രാര്‍ത്ഥന

ആദ്യമായി ആത്മശോധന ചെയ്തു പാപത്തെകുറിച്ചു മനസ്തപിച്ചു "മനസ്താപപ്രകരണം" ചൊല്ലുക.

പിതാവിന്‍റെയും പുത്രന്റെയും പരിശുദ്ധാല്‍മാവിന്‍റെയും നാമത്തില്‍ ,ആമ്മേന്‍.

എന്‍റെ ദൈവമായ ഈശോ മിശിഹായെ,ഈ ദിവസം അങ്ങ് എനിക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും
ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു.എന്‍റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേയ്ക്ക് കാഴ്ച വെയ്ക്കുന്നു.പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.അങ്ങേ തിരുഹൃദയത്തിലും എന്‍റെ അമ്മയായ കന്യകാമറിയത്തിന്റെ സംരക്ഷണയിലും ഞാന്‍
വസിക്കട്ടെ.അങ്ങേ പരിശുദ്ധ മാലാഖാമാര്‍ എന്നെ സഹായിക്കുകയും സമാധാനത്തോടെ സൂക്ഷിക്കുകയും ചെയ്യട്ടെ.അങ്ങേ അനുഗ്രഹം എന്റെമേല്‍ ഉണ്ടാകുമാറാകട്ടെ.എന്നെ കാക്കുന്ന മാലാഖയേ,ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്ക് എല്പ്പിച്ചിരിയ്ക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ.ആമ്മേന്‍.

ഈശോ മറിയം ഔസേപ്പേ,എന്‍റെ ആത്മാവിനേയും ഹൃദയത്തെയും നിങ്ങള്‍ക്ക് ഞാന്‍ കാഴ്ചവെയ്ക്കുന്നു.

ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കണമേ. ആമ്മേന്‍.

പ്രഭാത പ്രാര്‍ത്ഥന

പ്രഭാത പ്രാര്‍ത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാല്‍മാവിന്റെയും നാമത്തില്‍,ആമ്മേന്‍.ഞങ്ങളുടെ സ്രഷ്ടാവും പിതാവുമായ ദൈവമേ,ഈ സുപ്രഭാതത്തില്‍ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
പാപികളായ ങ്ങളെ അദ്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് ആനയിച്ച കര്‍ത്താവേ,ഞങ്ങള്‍ അങ്ങയോട്
നന്ദി പറയുന്നു.ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തികളും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി അങ്ങേയ്ക്കുവേണ്ടി ജോലി ചെയ്യുവാന്‍ ങ്ങളെ സഹായിക്കണമേ.ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ.ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ങ്ങളെ കാത്തുക്കൊള്ളുകയും ചെയ്യണമേ.മിശിഹായില്‍ എല്ലാം നവികരിക്കാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ങ്ങളെ ശക്തരാക്കണമേ.അങ്ങയുടെ ത്രിത്വത്തിന്റെ നിഗൂഡമായ ശക്തിയാല്‍ ദുഷ്ടസൈന്യങ്ങളില്‍ നിന്നും ങ്ങളെ കാത്തുകൊള്ളണമേ.നിത്യരാജ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേദിനം ങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമേ.പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ! ആമ്മേന്‍.